എനിക്ക് ഒരു പെണ്‍കുട്ടിയെ ഇഷ്ടമായിരുന്നു. അവള്‍ക്ക് എന്നെയും. ഇഷ്ട്ടത്തെയും പ്രേമത്തെയും വേര്‍തിരിച്ചു തുടങ്ങുന്ന ആ പ്രായം മുതല്‍ ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെട്ടു. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, സ്വകാര്യ ദുഃഖങ്ങള്‍, ചെറിയ പിണക്കങ്ങള്‍, ഇഷ്ടങ്ങള്‍ പരസ്പരം പങ്കുവച്ചു. ഭൂമിശാസ്ത്രപരമായ് അകന്നപ്പോള്‍ കത്തുകള്‍ ഞങ്ങളുടെ ഇഷ്ടവുമായി ആ ദൂരം താണ്ടി. ഇടുങ്ങിയ ഹോസ്റ്റല്‍ മുറിയിലെ രാതികളില്‍ ഉറങ്ങാതിരുന്ന് അവളുടെ കത്തുകള്‍ വായിച്ച് ഞാന്‍ ദിവസങ്ങള്‍ ചിലവഴിച്ചു. അച്ഛനെ ഒളിച്ച് അവളും എനിക്ക് നിത്യവും എഴുതി. ഭാരിച്ച എസ് റ്റി ഡി ബില്ലുകള്‍ക്കിടയിലും അവളുടെ ശബ്ദം ഊര്‍ജമായിരുന്നു. പിന്നീടൊരു ദിവസം പെട്ടന്ന് അവള്‍ എനിക്ക് നഷ്ടപ്പെട്ടു. എന്റെ ടെലിഫോണ്‍ കോളുകള്‍ക്ക് അവള്‍ ചെവി തന്നില്ല. ദൂരവും സാഹചര്യവും ഞങ്ങളെ അകറ്റി. ഞാന്‍ അവളെ ഇഷ്ടപെടാതിരിക്കാന്‍ ശീലിച്ചു.
കാലചക്രം തിരിഞ്ഞുകൊണ്ടെയിരുന്നു. ഉരുണ്ട ഭൂമി വീണ്ടും ഞങ്ങളെ കൂട്ടിമുട്ടിച്ചു. ഞാന്‍ വളരെ അധികം മാറിപോയിരുന്നു. ഞങ്ങള്‍ പരിചയക്കാരായ രണ്ട് അപരിചിതരായി മാറി. ഭൂതകാലം തികട്ടിവന്ന ഒരു അഭിശപ്ത നിമിഷത്തില്‍ ഞാന്‍ അവളോട് വിശദീകരം ചോദിച്ചു. എന്റെ ചോദ്യങ്ങള്‍ മൗനത്തിന്റെ പരിച കൊണ്ടവള്‍ തടുത്തു. ഒരു ഉരുക്ക്മതിലിന്റെ പുറകില്‍ അവള്‍ ആ കഴിഞ്ഞ നല്ല കാലങ്ങളെ ഒളിപ്പിച്ചപ്പോള്‍ ഞാന്‍ നിസ്സഹായനായി.
വളര്‍ത്തി വലുതാക്കിയ അച്ഛന്റെ മുന്നില്‍ തന്റെ ഇഷ്ടത്തിനു അര്‍ദ്ധവിരാമാമിട്ടതാണ് എന്നും ഉരുണ്ട ഭൂമിയല്ല അവളുടെ നിശ്ചയധാര്‍ത്ട്യമാണ് ഞങ്ങളെ വീണ്ടും കൂട്ടിമുട്ടിച്ചതും എന്ന് ഞാന്‍ അറിയുംബോളെക്കും അവള്‍ എന്നില്‍ നിന്ന് വളരെയേറെ അകന്നിരുന്നു.
അവളെ മനസിലാക്കാന്‍ എനിക്ക് കഴിഞ്ഞില്ല. പക്ഷെ അതിനു ഞാന്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ശിക്ഷ ചെയ്തിയേയോ ലക്ഷ്യത്തെയോ സാധൂകരിക്കുന്നില്ല. അവള്‍ക്കെന്നോട് പ്രതികാരം ചെയ്യാനാവില്ല. അവള്‍ എന്നെ അതിനു മാത്രം സ്നേഹിക്കുന്നു. ഞാന്‍ ഇങ്ങിനെ നീറി നീറി നരകിക്കണമോ?
പക്ഷെ പ്രതീക്ഷയാണ് മനുഷ്യന്റെ ജീവിതത്തെ നയിക്കുന്നത്. ഞാന്‍ പ്രതീക്ഷിക്കുന്നു.